About Us

വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാരുടേയും വിദേശവാസം കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ഇന്ത്യൻ പ്രവാസികളുടേയും കൂട്ടായ്മയാണ് പ്രവാസി കൾച്ചറൽ അസോസിയേഷൻ കേരള എന്ന അംഗീകൃത സംഘടന.

ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവാസി സമൂഹങ്ങളെ സംഘടിപ്പിച്ചും സഹകരിപ്പിച്ചും കൊണ്ട് അവരുടെ കുടുംബക്ഷേമത്തിനും ഉന്നമനത്തിനും മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക, അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുക. നീതി നിഷേധത്തിനെതിരെയും, ചൂഷണത്തിനെതിരേയും ശബ്ദം ഉയർത്തുക പ്രവാസികളുടെ ഏതു വിധത്തിലുള്ള പ്രയാസങ്ങളിലും കഷ്ടതകളിലും ഒരു കൈതാങ്ങാകുക എന്നിവയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.

കേരളമുൾക്കൊള്ളുന്ന ഇന്ത്യാരാജ്യത്തിന്റെ വികസനഭൂപടത്തിൽ വൻ മാറ്റത്തിന് കാരണഭൂതരായ പ്രവാസികളെ അവരുടെ ജീവിതത്തിന്റെ അന്ത്യയാമത്തിൽ ദാരിദ്ര്യത്തിലൂടെ കടന്നു പോകുമ്പോൾ സഹായഹസ്തം നൽകാതിരിക്കുന്നത് 65 ലക്ഷത്തിൽ പരം പ്രവാസികളോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന പറയാതെ വയ്യ.

നിർദ്ദനരായി തിരിച്ചെത്തിയ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി പോരാടുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ രൂപീകൃതമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി കൾച്ചറൽ അസ്സോസിയേഷൻ കേരള.

2020 വിഷനിൽ ഉൾപ്പെടുത്തി നിർദ്ദനരായ പ്രവാസികൾക്ക് 14 ജില്ലകളിൽ 501 വീടുകൾ നൽകുന്നതിന്റെ 3 വീടുകളുടെ പ്രമാണം ജനുവരി ആദ്യവാരത്തിൽ നൽകുന്നു. 48 വയസ്സിൽ താഴെയുള്ള തിരിച്ചെത്തിയവർക്ക് തൊഴിലോത്സവം സംഘടിപ്പിച്ച് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

ജനാധിപത്യം, മതനിരപേക്ഷത, രാജ്യ സ്നേഹം, മനുഷ്യ സ്നേഹം, അന്തർദേശീയ സഹകരണം എന്നീ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുക. വർഗ്ഗീയ ജാതീയ വേർത്തിരിവിനെതിരെ മാനവികത ഐക്യത്തിനും അവസര സമത്വത്തിനും വേണ്ടി പ്രവർത്തിക്കുക. മദ്യം മയക്കുമരുന്ന് മുതലായ സമൂഹിക വിപത്തിനെതിരെ പ്രതികരിക്കുക. ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അണിചേരുക, എന്നിവയെല്ലാം പ്രവാസി കൾച്ചറൽ അസോസ്സിയേഷന്റെ പ്രവർത്തന മേഖലയിൽ വരുന്നതാണ്

കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും ഏറെ സംഭാവനകൾ അർപ്പിച്ച ഗൾഫ് മലയാളികളുൾപ്പെടെ ഇന്ത്യൻ പ്രവാസികൾ നൽകിയ സംഭാവനകൾ കേന്ദ്ര കേരള സർക്കാരുകൾ പരിഗണിക്കാതെ പോകുന്നത് പ്രവാസി സമൂഹത്തെ ഏറെ നിരാശരാക്കിയിട്ടുണ്ട്. കേരളം ബഹുഭൂരിപക്ഷം വരുന്ന ഗൾഫ് മലയാളി പ്രവാസികളും ആധുനിക (തൊഴിൽ) അടിമത്വത്തിന് ഇരകളാണെന്നും ഉള്ള വസ്തുത നമ്മൾ സ്മരിക്കേണ്ടിയിരിക്കുന്നു. 1960 - കൾക്ക് ശേഷം ശോഷിച്ച ഇന്ത്യൻ വിദേശ നാണയ ശേഖരം വർദ്ധിപ്പിച്ചിരിക്കുന്നതിനും അതു വഴി കേരളം ഉൾപ്പെടെ ഇന്ത്യൻ സാമ്പത്തിക മുന്നേറ്റത്തിനും രാജ്യപുരോഗതിക്കും ഏറെ സംഭാവനകളർപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് ഭരണകൂടങ്ങൾ അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല എന്നത് സമൂഹത്തേയും പ്രവാസികളേയും ഭരണകൂടത്തേയും ബോധവത്കരിക്കേണ്ടത് ആവശ്യമാണ്.

വിദ്യാഭ്യാസ വ്യാപാര തൊഴിൽ മേഖലകളിൽ പ്രവാസി പ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് പ്രധാനപ്പെട്ട പല ജനകീയ പദ്ധതികളും നടപ്പിലാക്കുവാൻ സംഘടനക്ക് പരിപാടിയുണ്ട്.

  1. വിദേശത്ത് ജോലി ലഭ്യമാക്കുന്നതിന് വിദേശ തൊഴിൽ ധാതാക്കളുമായി സഹകരിച്ചുകൊണ്ടും തൊഴിലുത്സവങ്ങൾ സംഘടിപ്പിച്ചുകൊണ്ടും മറ്റു മാർഗ്ഗങ്ങൾ മുഖേനയും നടപ്പിലാക്കുവാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്
  2. സംസ്ഥാന വ്യാപകമായി അർഹരും നിർദ്ധനരുമായ അഞ്ഞൂറ്റി ഒന്ന് പ്രവാസി കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യുവാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സംഘടനയുടെ ഈ വിഷയത്തലെ ആദ്യ കാൽവെപ്പ് എന്ന നിലയിൽ വീടില്ലാത്ത മൂന്ന് പ്രവാസികൾക്ക് 2016 ജനുവരി മാസം 9 തിയ്യതി നടത്താൻ ഉദ്ധേശിക്കുന്ന പരിപാടിയിൽ വെച്ച് വീടിന്റെ പ്രമാണങ്ങൾ നൽകിക്കൊണ്ട് പ്രാരംഭം കുറിക്കുന്നതാണ്.
  3. ജാതിമത രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുക.
  4. പ്രവാസികളുടെ കുടുംബപ്രശ്നങ്ങളിൽ ഇടപെടുകയും സർക്കാർ മേഖലയിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ സഹായിക്കുക.
  5. രക്തദാനം, നേത്രദാനം എന്നിവയെ പ്രോത്സാഹിപ്പിക്കുക.
  6. 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് ആരോഗ്യ സുരക്ഷാപദ്ധതി സർക്കാരിനെക്കൊണ്ട് നടപ്പിലാക്കാൻ യത്നിക്കുക.